നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനം ജൂലൈ 24 മുതല്‍ 27 വരെ അറ്റ്‌ലാന്റയില്‍. * വന്‍ജന പങ്കാളിത്തം ഈ പ്രാവശ്യത്തെ കോണ്‍ഫ്രന്‍സില്‍ ഉണ്ടാകും. * പ്രശസ്തരായ ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും.
Featured News

ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനം ജൂലൈ 24 മുതല്‍ 27 വരെ

nacog11 copy

അറ്റ്‌ലാന്റാ: നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് ജൂലൈ 24 മുതല്‍ 27 വരെ അറ്റ്‌ലാന്റാ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടക്കും. അമേരിക്ക, കാനഡ, ഇന്‍ഡ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ ഈ പ്രാവശ്യത്തെ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കും. വന്‍ ജനാവലിയെയാണ് ഈ പ്രാവശ്യത്തെ കോണ്‍ഫ്രന്‍സില്‍ പ്രതീക്ഷിക്കുന്നത്. സംഘാടകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഈ പ്രാവശ്യത്തെ കോണ്‍ഫ്രന്‍സ് വന്‍ വിജയിത്തിലേക്ക് നയിക്കുമെന്ന് യൂഗാന്ത്യ സന്ദേശത്തിന്റെ വിദേശ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഫ്രന്‍സിനോടുള്ള ബന്ധത്തില്‍ നടന്ന പ്രമോഷണല്‍ മീറ്റിങ്ങുകളില്‍ വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു. പാസ്റ്റര്‍ ഷിബു തോമസ് (പ്രസിഡന്റ്), പാസ്റ്റര്‍ ജോര്‍ജ് സാംകുട്ടി (വൈസ് പ്രസിഡന്റ്), ബ്രദര്‍ വിജു തോമസ് (സെക്രട്ടറി), ബ്രദര്‍ തോമസ് മാത്യു (ട്രഷറാര്‍), പാസ്റ്റര്‍ എബി ജോയി (യൂത്ത്) എന്നിവരാണ് പത്തൊമ്പതമാമതു നോര്‍ത്ത് അമേരിക്കന്‍ ദൈവസഭയുടെ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത്.
അപ്പോസ്‌തോലപ്രവൃത്തി 1:8 ആധാരമാക്കി പെന്തക്കോസ്തിന്റെ ശക്തി എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
ഈ വര്‍ഷത്തെ പ്രസംഗകര്‍ ഡോ. മൈക്കിള്‍ ബേക്കര്‍, ബിഷപ്പ് ഇസ്മായേല്‍ ചാള്‍സ്, പാസ്റ്റര്‍ വി. ഓ വര്‍ഗിസ്, ബിഷപ്പ് ക്രിസ് മൂഡി, റവ. പി. ജെ ജയിംസ്, പാസ്റ്റര്‍ എം. കുഞ്ഞപ്പി എന്നിവരും കൂടാതെ അമേരിക്കയിലുള്ള പ്രഗത്ഭരായ ദൈവദാസന്മാരും, കേരളത്തില്‍ നിന്നും വരുന്ന അഭിഷിക്തരും വചനം സംസാരിക്കും. സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേഖ ദൈവവചനം ശുശ്രൂഷിക്കും.

നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് പ്രസംഗകര്‍

Nacog copy

നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് ഈ വര്‍ഷത്തെ പ്രസംഗകര്‍  ഡോ. മൈക്കിള്‍ ബേക്കര്‍, ബിഷപ്പ് ഇസ്മായേല്‍ ചാള്‍സ്, പാസ്റ്റര്‍ വി. ഓ വര്‍ഗിസ്, ബിഷപ്പ് ക്രിസ് മൂഡി, റവ. പി. ജെ ജയിംസ്, പാസ്റ്റര്‍ എം. കുഞ്ഞപ്പി എന്നിവരും കൂടാതെ അമേരിക്കയിലുള്ള പ്രഗത്ഭരായ ദൈവദാസന്മാരും, കേരളത്തില്‍ നിന്നും വരുന്ന അഭിഷിക്തരും വചനം സംസാരിക്കും. സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേഖ ദൈവവചനം ശുശ്രൂഷിക്കും.

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കര്‍ണാടക സ്‌റ്റേറ്റ് മലയാളം റീജിയന്‍ വൈ. പി. ഇ ക്യാമ്പ് (മാത്തറ്റസ്-2014)

YPE camp inaguration

ബാംഗ്ലൂര്‍: കര്‍ണാടക വൈ. പി. ഇ ക്യാമ്പ് 2014 മെയ് 1 മുതല്‍ 3 വരെ ബാംഗ്ലൂര്‍ കൊത്തന്നൂര്‍ എബനേസര്‍ നേഴ്‌സിംഗ് കോളേജില്‍ വെച്ച് നടന്നു. വൈ. പി. ഇ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നല്ല ശിഷ്യരാകുക എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. 100 ഗാനങ്ങള്‍ അടങ്ങിയ ക്യാമ്പിന്റെ പാട്ടുപുസ്തകം റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ തോമസ് പോള്‍ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്‍ പ്രസിഡന്റെ ബ്രദര്‍ ചാക്കോ. കെ. തോമസ്സിനു നല്‍കി പ്രകാശനം ചെയ്തു. ഉദ്ഘാടന മീറ്റിംഗില്‍ വൈ. പി. ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദര്‍ ബെന്‍സണ്‍ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഇവാഞ്ചലിസ്റ്റ് സാജന്‍ തോമസ് ജോര്‍ജ് (പുല്ലാട്) തീം പ്രസന്റ് ചെയ്ത് സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന പകല്‍ മീറ്റിംഗുകളില്‍ പാസ്റ്റര്‍ ബിനോയി ഷിമോഗ, പാസ്റ്റര്‍ സാമുവേല്‍ ഡേവിഡ്, പാസ്റ്റര്‍ ബിനു. ജി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചപ്പോള്‍.
പാസ്റ്റര്‍മാരായ വി. വി സാജന്‍ (മനന്തവാടി), ജെയിംസ് ജോണ്‍ (താമരശേരി), ബിജു ചാക്കോ (ബാംഗ്ലൂര്‍) സിസ്റ്റര്‍ ബ്ലസ്സി പ്രിന്‍സി (ബാംഗ്ലൂര്‍), ഇവാഞ്ചലിസ്റ്റ് കെ. കെ. പോള്‍ എന്നിവര്‍ ക്ലാസ്സുകളും കൗണ്‍സിലിംഗും നടത്തി. രാത്രി മീറ്റിംഗുകളില്‍ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ തോമസ് പോള്‍, പാസ്റ്റര്‍ ഇ. ജെ ജോണ്‍സന്‍ എന്നിവര്‍ അദ്ധ്യക്ഷമാരായപ്പോള്‍. പാസ്റ്റര്‍ ഷിബു. കെ. മാത്യു, പാസ്റ്റര്‍ എബനേസര്‍ ജോര്‍ജ്, പാസ്റ്റര്‍ എം. കുഞ്ഞപ്പി എന്നിവര്‍ ശക്തമായ ദൂതുകള്‍ നല്കി.
ഗാനശുശ്രൂഷകള്‍ക്ക് ഡോ. ബ്ലസ്സന്‍ മേമന, ബ്രദര്‍ സോണി, ബ്രദര്‍ സാം പോള്‍ ബ്രദര്‍ ജിസണ്‍ (കോട്ടയം) എന്നിവര്‍ നേതൃത്വം നല്കി.
13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രത്യേകം കിഡ്‌സ് സെക്ഷനായി വേര്‍തിരിച്ച് അവര്‍ക്കായി എക്‌സല്‍ വി. ബി. എസിന്റെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു. ബ്രദര്‍ ഷാജി ജോസഫ്, ബ്രദര്‍ സാംസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന സമ്മേളനത്തില്‍ പാസ്റ്റര്‍ ജോസഫ് ജോണ്‍, പാസ്റ്റര്‍ എം. കുഞ്ഞപ്പി എന്നിവര്‍ ശുശ്രൂഷിച്ചു. പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ മിഷന്‍ ചലഞ്ചില്‍ ധാരാളം കുഞ്ഞുങ്ങള്‍ കര്‍ത്തൃ വേലയ്ക്കായി സമര്‍പ്പിച്ചു. ആത്മീകമായി ഉണര്‍ത്തപ്പെട്ടു. ഏകദേശം 250-തോളും യുവജനങ്ങള്‍ പങ്കെടുത്തു.
വൈ. പി. ഇ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് ജോണ്‍, സെക്രട്ടറി ബെന്‍സണ്‍ ചാക്കോ, ട്രഷറാര്‍ ബിനു ചെറിയാന്‍ എന്നിവരും വൈ. പി. ഇ നേതൃത്വം നല്‍കി.

എം.പി.എ. (യു.കെ.) കോണ്‍ഫ്രന്‍സ് സമാപിച്ചു

ലണ്ടന്‍: യു.കെ. മലയാളി പെന്തക്കോസ്ത് അസോസിയേഷന്‍ 11-ാമത് ദേശീയ കോണ്‍ഫ്രന്‍സ് സതാംപ്ടണ്‍ പട്ടണത്തിലെ വിക്ടറി സെന്ററില്‍ വച്ച് ഏപ്രില്‍ 18,19 തീയതികളില്‍ നടന്നു. പ്രസിഡന്റ് പാ. സജി മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, റെയ്‌സണ്‍ തോമസ്, ജോ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാ. സാം മാത്യു, സിറില്‍ നെറോണ എന്നിവരുടെ നേതൃത്വത്തില്‍ എം.പി.എ. ക്വയര്‍ ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കി. 18-ന് ഉച്ചകഴിഞ്ഞ് യുവജനസമ്മേളനവും 19-ന് ഉച്ച കഴിഞ്ഞ് വനിതാ സമ്മേളനവും നടന്നു. യുവജനസമ്മേളനത്തിന് ബ്രദര്‍ ഗോഡ്‌ലി ചെറിയാന്‍ നേതൃത്വം നല്‍കി. വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍ സിനിമോള്‍ ജെയിംസ് പ്രസംഗിച്ചു. ശനിയാഴ്ച നടന്ന ബിസിനസ് മീറ്റിംഗില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. റവ. ഡോ. ജോ കുര്യന്‍ (പ്രസിഡന്റ്), പാസ്റ്റര്‍മാരായ ബാബു സക്കറിയ (സെക്രട്ടറി), ജി. സാമുവേല്‍ (ജോ. സെക്രട്ടറി), ഡോണി ഫിലിപ്പ് (ട്രഷറാര്‍), ജോണ്‍സണ്‍ ബേബി, വര്‍ഗീസ് തോമസ്, ഫിലിപ്പ് വര്‍ഗീസ്, വിനോദ് ജോര്‍ജ്, ഇവാ. വിത്സണ്‍ മാത്യു സഹോദരന്മാരായ കെ.റ്റി. തോമസ്, മാമ്മന്‍ ജോര്‍ജ്, റോജി രാജു (അംഗങ്ങള്‍), പാ. ജെഫി ജോര്‍ജ് (പ്രയര്‍ കണ്‍വീനര്‍), ഗോഡ്‌ലി ചെറിയാന്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), പാ. റോയിസ് ചാക്കോ (മീഡിയാ കണ്‍വീനര്‍), പാ. സാം മാത്യു (മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യു.കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 1200-ല്‍ അധികം മലയാളി വിശ്വാസികളും പാസ്റ്റര്‍മാരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ”നാം നില്‍ക്കുന്ന ഈ കൃപ” എന്നതായിരുന്നു ചിന്താവിഷയം. പാ. സാം നായര്‍ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. യൂത്ത് മീറ്റിംഗില്‍ 112 വാക്യങ്ങള്‍ മനഃപാഠമായി പറഞ്ഞ് 5 വയസ്സുള്ള കെസിയ കോണ്‍ഫ്രന്‍സില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കര്‍മ്മേല്‍ പ്രയര്‍ സെന്റര്‍, തൂലിക ടി.വി. സ്‌പോണ്‍സര്‍ ചെയ്ത ഏവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.
ശനിയാഴ്ച രാവിലെ നടന്ന യോഗത്തില്‍ പാ. ജോ കുര്യന്റെ നേതൃത്വത്തില്‍ തിരുവത്താഴശുശ്രൂഷ നടത്തി. അടുത്ത സമ്മേളനം സ്‌കോട്ടലന്റിലെ ഗ്ലാസ്‌ഗോയില്‍ നടത്തുവാന്‍ തീരുമാനിച്ചു. പാ. ബിജു ദാനിയേലിന്റെ നേതൃത്വത്തില്‍ സതാംപ്ടണ്‍, യോവില്‍ എന്നീ സ്ഥലങ്ങളിലുള്ള പാസ്റ്റര്‍മാരും വിശ്വാസികളും സേവനസന്നദ്ധതയോടെ സമ്മേളനത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ചു.

പിസിഐ ഹൈറേഞ്ച് മേഖലാ കണ്‍വന്‍ഷന്‍

അടിമാലി : പിസിഐ ഹൈറേഞ്ച് മേഖലാ കണ്‍വന്‍ഷന്‍ മെയ് 7- 9 വരെ അടിമാലി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ജനറല്‍ സെക്രട്ടറി റവ. ജെ. ജോസഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ ജെയ്‌സ് പാണ്ടനാട്, കെ. ജെ. മാത്യു(പുനലൂര്‍), സണ്ണി കുര്യന്‍(വാളകം) എന്നിവര്‍ പ്രസംഗിച്ചു. വെള്ളിയാഴ്ച രാവിലെ 9.30-നു നടന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ ഡോ. ഐസക് വി.മാത്യു ക്ലാസ്സെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സംയുക്ത ആരാധനയും കര്‍ത്തൃ മേശയും നടന്നു. ഇമ്മാനുവേല്‍ വോയ്‌സ് കോട്ടയം ഗാനങ്ങള്‍ ആലപിച്ചു. പാസ്റ്റര്‍ എഡ്‌വിന്‍ ജോസ് ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. നാഷണല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍, ജനറല്‍ കൗണ്‍സില്‍ അംഗം, പി.ജി. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. അടിമാലിയിലും പരിസരങ്ങളിലുമായി പിസിഐയുടെ 15 യുണിറ്റുകള്‍ ഈ മേഖലയിലുണ്ട്.

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക മലയാളം റീജിയന്‍ ശുശ്രൂഷക കുടുംബ സംഗമം

Susrushaka Sammelanathil anthardheshiya daivasabhayude angeekara pathrangal vitharanam cheyyunnu

ബാംഗ്ലൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്‌റ്റേറ്റ് മലയാളം റീജിയന്‍ ശുശ്രൂഷക കുടുംബ സമ്മേളനം കൊത്തന്നൂര്‍ സഭാ ആസ്ഥാനത്ത് വെച്ച് നടന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ശുശ്രൂഷകന്മാര്‍ കുടുംബമായി സംബന്ധിച്ചു. സമ്മേളനം ചര്‍ച്ച് ാേഫ് ഗോഡ് കര്‍ണാടകാ സ്‌റ്റേറ്റ് മലയാളം റീജിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു. വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കി നല്ല മനസാക്ഷി ഉള്ളവര്‍ ആയി കര്‍ത്താവ് ഏല്‍പ്പിച്ച ദൗത്യം വിശ്വസ്തതയോടെ പൂര്‍ത്തികരിക്കുവാന്‍ കര്‍ത്തൃശുശ്രൂഷകന്മാര്‍ സമര്‍പ്പണം ഉള്ളവര്‍ ആയിരിക്കണമെന്നും, കര്‍ത്തൃശുശ്രൂഷകന്മാരുടെ ഭാര്യമാര്‍ സഭാപരിപാലനത്തില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് എല്ലാവിധത്തിലും അനുഗ്രഹം ആയിരിക്കണമെന്നുംആരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ പ്രശനങ്ങള്‍ പരിഹരിക്കുന്നവരായി മാറണമെന്നും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെയ് 15-ാം തീയതി രാവിലെ 10 മുതല്‍ 4 വരെ നടന്ന യോഗത്തില്‍ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ തോമസ് പോള്‍, ഇവാഞ്ചലിസം ഡയറക്ടര്‍ പാസ്റ്റര്‍ ഇ. ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 24 മുതല്‍ 26 വരെ നടക്കുന്ന റീജിയന്‍ കണ്‍വന്‍ഷനുള്ള ഭാരവാഹികളേയും യോഗത്തില്‍ തെരെഞ്ഞെടുത്തു

കര്‍ണാടകയില്‍ ചര്‍ച്ച് ഓഫ് ഗോഡ് മലയാളം റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വിശാലമാകുന്നു

Copy of Copy of Rev.M.Kunjappy

ബാംഗ്ലൂര്‍: കര്‍ണടകായില്‍ ദൈവസഭയുടെ മലയാളം റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിശാലതയിലേക്ക്. ബൈന്‍ഡൂരില്‍ (മൂകാംബിക) പാസ്റ്റര്‍ ബോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉള്ള സഭകളും ശുശ്രൂഷകന്മാരും ദൈവസഭയോട് ചേര്‍ന്നു വന്നു.
അഫിലിയേഷന്‍ സംബന്ധമായ ധാരാണ പത്രം ഒപ്പിട്ട് അഡ്മിനിസ്ട്രിറ്റര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയും പാസ്റ്റര്‍ ബോബി ജോര്‍ജും കൈമാറി. പ്രഫസര്‍ സുശീല്‍ മാത്യു സന്നിഹിതനായിരുന്നു. 18 പ്രവര്‍ത്തനങ്ങളാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പാസ്റ്റര്‍ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ളത്. റീജിയന്‍ ബോര്‍ഡ് അഫിലിയേഷന്‍ രേകഖള്‍ അംഗികരിച്ചു. മംഗലാപുരത്ത് എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു സഭയും ശുശ്രൂഷകനും ദൈവസഭയോട് ചേര്‍ന്നു വന്നു. നവംബര്‍ 24-ാം തീയതി റീജിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയും, റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ തോമസ് പോള്‍ ജൂനിയറും ഇവര്‍ക്ക് കൂട്ടായ്മയുടെ വലങ്കൈ കൊടുത്ത് സ്വീകരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ഇന്‍ ഇന്‍ഡ്യ മാംഗളൂര്‍ സിറ്റി ചര്‍ച്ച് എന്ന് സഭയ്ക്ക് നാമകരണം ചെയ്തു. സീനിയര്‍ പാസ്റ്റര്‍ വര്‍ഗിസ് കെ. തോമസിനെ റീജിയന്‍ ബോര്‍ഡിന്റെ അംഗീകരാത്തോടു കൂടി മംഗലാപുരം ഡിസ്ട്രിക്ടിന്റെ ശുശ്രൂഷകനായി നിയമിച്ചു.

ബിരുദ ദാന സമ്മേളനം

DSC09573

നെടുങ്ങാടപ്പള്ളി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ റീജിയന്റെ വൈദീക പഠനസ്ഥാപനമായ ഫെയ്ത്ത് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് കോളേജിന്റെ 29-ാമത് ബിരുദ ദാന സമ്മേളനം നെടുങ്ങാടപ്പള്ളി പ്രത്യാശ നഗറില്‍ റീജിയന്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്നു. എഡ്യുക്കേഷണല്‍ ഡയറക്ടര്‍ റവ. കെ. സി സണ്ണിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ദൈവസഭയുടെ നാഷണല്‍ റപ്രസന്‍ന്ററ്റിവ് റവ. കെ. സി ജോണ്‍ മുഖ്യ സന്ദേശം നല്‍കി. ഗ്രാഡുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും അവാര്‍ഡും റീജിയന്‍ ഓവര്‍സിയര്‍ റവ. ജോസഫ്. റ്റി. സാം വിതരണം ചെയ്തു. റവ. ബെനിസണ്‍ മത്തായി (ദോഹ), റവ. വര്‍ഗിസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇവാഞ്ചലിസം ഡയറക്ടര്‍ പാസ്റ്റര്‍ പി. സി ഏബ്രഹാം, യൂത്ത് ഡയറക്ടര്‍ പാസ്റ്റര്‍ സണ്ണി. പി. ജോയി, ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ കെ. സി വര്‍ഗിസ് എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ അറിയിച്ചു. 7 വിദ്യാര്‍ത്ഥികള്‍ ഗ്രാഡുവേറ്റു ചെയ്ത സമ്മേളനത്തിന് ബൈബിള്‍ സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നേതൃത്വം കൊടുത്തു.

പെന്തക്കോസ്തിലും ജാതിയതയോ

shibu

വര്‍ണ വിവേചനം ലോകം നേരിടുന്ന ഒരു വെല്ലുവിളിയാണ്. വികസിത രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകത്ത് മിക്കയിടത്തും എപ്പോള്‍ വേണമെങ്കിലും വര്‍ണ വിവേചനം സംബന്ധിച്ച പരാതി ഉയര്‍ന്നേക്കാം. ചാതുര്‍വര്‍ണ്യത്തിന്റെ ബ്രാമഹ്ണ മേധാവിത്വിന്റെ സാമൂഹ്യഘടനയുടെ അവശിഷ്ടം ആയ ജാതിചിന്ത
സമൂഹത്തില്‍ നിലനില്‍ക്കുന്നു. ജാതി ചിന്തകള്‍ ഉന്മൂലനം ചെയ്യാത്ത കാലത്തോളം യഥാര്‍ഥ സാമൂഹിക നീതി ഉറപ്പാക്കാനാവില്ല എന്നതാണ് സത്യം. ദക്ഷിണാഫ്രിക്കയിലും അമേരിക്കന്‍ ഐക്യനാടുകളിലും നിലനിന്നിരുന്ന വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രം അറിയാവുന്നവരാണ് നാം ഏവരും.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1795ല്‍ ബ്രിട്ടീഷ് അധീനതയിലായി മാറിയ ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ പാസ് നിയമം നടപ്പിലാക്കുന്നതോടെയാണ് കൊളോണിയല്‍ ഭരണം വംശവെറിയുടെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. നിയമമനുസരിച്ച് വെളുത്ത വര്‍ഗക്കാര്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുള്ള സ്ഥലങ്ങളില്‍ കൂടി കറുത്ത വംശക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാടില്ല എന്നായി. പിന്നീട് 1894 ലെ നാറ്റാല്‍ ലെജിസ്ലേറ്റീവ് അസംബ്ലി നിയമവും 1913 ലെ നേറ്റീവ് ലാന്റ് ആക്ടും 1965 ലെ ജനറല്‍ പാസ് റെഗുലേഷന്‍ ഭേദഗതിയും നടപ്പാക്കിയതോടെ കറുത്തവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുകയും ഭൂമി വാങ്ങാനും താമസിക്കാനുമുള്ള ഇടങ്ങള്‍ നന്നേ ചുരുങ്ങിപ്പോവുകയും തുച്ഛമായ വേതനത്തിന് വെള്ളക്കാര്‍ക്ക് അടിമപ്പണി എടുക്കേണ്ടി വരികയും ചെയ്തു. കൊളോണിയല്‍ ഭരണത്തിനു ശേഷം, എണ്ണത്തില്‍ ന്യൂനപക്ഷമായ വെളുത്ത വര്‍ഗക്കാരുടെ നാഷണല്‍ പാര്‍ട്ടി 1948ല്‍ അധികാരത്തിലെത്തുന്നതോടെയാണ് വര്‍ണവിവേചനത്തിന് ഔദ്യോഗിക പരിവേഷം ലഭിക്കുന്നത്. ആഫ്രിക്കന്‍ ജനവിഭാഗത്തെ കറുത്തവര്‍, വെളുത്തവര്‍, നിറമുള്ളവര്‍, ഇന്ത്യക്കാര്‍ എന്നിങ്ങനെ നാലായി തിരിക്കുകയും ഓരോ വിഭാഗത്തിനും താമസിക്കാനായി പ്രത്യേക മേഖല നിര്‍ണയിച്ച് കൊടുക്കുകയും ബലപ്രയോഗത്തിലൂടെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.
1970ഓടെ കറുത്ത വര്‍ഗക്കാര്‍ക്ക് പൗരത്വം തന്നെ നല്‍കാതിരിക്കുകയും അവര്‍ക്കുവേണ്ടി ബന്തുസ്താന്‍ എന്ന പേരില്‍ ഗോത്രാടിസ്ഥാനത്തിലുള്ള പത്ത് സ്വയംഭരണ പ്രദേശങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴില്‍, പൊതുസേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ വിവേചനം ഏര്‍പ്പെടുത്തുകയും പൊതു നിരത്തുകളും പാര്‍ക്കുകളും കറുത്തവര്‍ക്ക് അപ്പാടെ നിഷേധിക്കപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് സമരരംഗത്തിറങ്ങിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് പിന്തുണയുമായി നിയമബിരുദധാരിയായിരുന്ന നെല്‍സണ്‍ മണ്ടേല രംഗത്തെത്തി. ആഫ്രിക്കന്‍ കോണ്‍ഗ്രസിന്റെ യുവജന ഘടകത്തിന്റെ സ്ഥാപക നേതാവ് കൂടിയായ മണ്ടേല, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിക്കപ്പെട്ട് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1990ല്‍ ജയില്‍മോചിതനായ മണ്ടേല, 94ല്‍ നടന്ന ആദ്യത്തെ വര്‍ഗ വര്‍ണ രഹിത പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നതോടെയാണ് ഔദ്യോഗിക തലത്തില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നത്
വര്‍ണ വിവേചനത്തിന്റെ ചിന്ത കിസ്ത്യാനിസത്തിന്റെ സമത്വ സുന്ദര ആശയങ്ങള്‍ക്ക് എതിരാണ്. വിശ്വസിക്കുന്നതില്‍ ദാസനും സ്വതന്രനും എന്നില്ല സ്ത്രീയും പുരുഷനും ഇല്ല എന്നു ബൈബിള്‍ പറയുമ്പോള്‍ ഒരപ്പത്തിന്റെ അംശികള്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും രൂപാന്തരപ്പെടുമെന്നും, മനുഷ്യരെല്ലാം ആദമില്‍ നിന്നുള്ളവായതെന്നും പറയുന്ന വിശുദ്ധ ബൈബിള്‍ വിശ്വസിക്കുന്നവര്‍ക്ക് എന്ത് ജാതി ചിന്ത. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ. ഒരു അപ്പന്റെ മക്കളും ഒരു അപ്പത്തിന്റെ അംശികളും” എന്ന ദൈവവചനം യഥാര്‍ത്ഥ്യമുള്‍ക്കൊള്ളാതെ വെറുതെ പരീശഭക്തി അഭിനയിക്കുന്നവരാണ് പലരും. മനുഷ്യനേ നിറത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുന്നത് ഇന്ന് മതേതര രാജ്യങ്ങളില്‍ ഗുരുതരമായ ശിക്ഷയ്ക്ക് കാരണമാകുന്ന നിയമലംഘനമാണ്. കൊരിന്ത്യ ലേഖനത്തില്‍ പൗലോസ് എഴുതിയിരിക്കുന്നത്: ‘ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരേയും ജഡപ്രകാരം അറിയുന്നില്ല”. (2 കൊരി. 5:16). സഭകളില്‍ വിഭാഗീയത നിലനില്‍ക്കുന്നു എന്നത് ഗൗരവമായി ആര്‍ക്കും തോന്നിയതായി കാണുന്നില്ല. സഭാശുശ്രൂഷകരോ സഭകളുടെ പരമോന്നത നേതാക്കന്മനാര്‍പോലുമോ മറ്റെല്ലാ വിഷയങ്ങള്‍ക്കും പ്രതികരിക്കുമെങ്കിലും ഇത്തരം കാര്യങ്ങളെ അവഗണിക്കുന്നതായാണ് കാണുന്നത്. ഒന്നുകൂടി വിശദമാക്കിയാല്‍ വീണ്ടും ജനനാനുഭവം ഇല്ലാത്തതിനാലാണ് സഭയ്ക്കുള്ളില്‍ മനുഷ്യനേ നിറത്തിന്റെയും സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നത്. വീണ്ടും ജനനത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേരളത്തിലേ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, മാര്‍തോമാ, ക്‌നാനായ സഭകളിലേക്ക് ആരും പുതുതായി അംഗമാകുന്നില്ല. പ്രത്യുത്പാദനത്തിലൂടെ സഭ വളര്‍ത്തുക എന്നതേ അവിടെ നടക്കുന്നുള്ളൂ. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവമക്കളായി തീര്‍ന്ന വ്യക്തികളേ തരംതിരിക്കുന്നത് ദൈവഹിതത്തിന് എതിരാണ്. പൗലോസ് എഴുതുന്നു: ‘അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളേ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്ളുവിന്‍” (റോമ: 15:7). ദൈവം സ്വീകരിച്ചവരേ ഇപ്രകാരം പുറംപോക്കിലേക്ക് തള്ളിക്കളയുതന്നതാണോ ക്രിസ്തീയ ആത്മീയത? വീണ്ടും ജനനാനുഭവത്തിനു മുമ്പുള്ള ജാതിയുടെയും മതത്തിന്റെയും പേരിലാണ് കേരളത്തില്‍ വിവേചനങ്ങളെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിറത്തിനും രാഷ്ട്രത്തിനും ആണ് വിവേചനം. യേശുക്രിസ്തു തന്റെ അവസാന തുള്ളി രക്തംപോലും നല്‍കി നമ്മേ ഓരോരുത്തരേയുംപോലെ വിലയ്ക്കു വാങ്ങിയ നമ്മുടെ സഹോദരനേ നിന്ദിക്കാന്‍ എങ്ങനെ കഴിയും? ജാതീയ വേര്‍തിരിവിന്റെയും നിറത്തിന്റെ വേര്‍തിരിവിന്റയും ഐ.പി.സി, ചര്‍ച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് തുടങ്ങിയ സഭകള്‍ ഒരു വിഭാഗീയതയും വച്ച് പുലര്‍ത്താന്‍ പാടില്ല. ജാതിയുടെയോ വര്‍ണ്ണത്തിന്റെയോ പേരില്‍ വിഭാഗിയത പടര്‍ത്തുന്ന ആശയങ്ങളോ ചിന്തകളോ നമ്മില്‍ നിന്ന് പുറത്തേക്ക് വന്നാല്‍ അത് നിയമ വിരുദ്ധവും കുറ്റകരവുമാണ്. വേര്‍തിരിവിന് ഭക്തിയുടെയോ പരിവേഷം മനുഷ്യന്‍ നല്‍കിയാല്‍ പോലും അത് ദൈവസന്നിധിയില്‍ പാപം തന്നെയാണ്‌

ന്യു ജനറേഷന്‍ സഭകളുടെ ദൈവശാസ്ത്രം

shaiju

പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍
ആര്‍ക്കും നേരമില്ലാത്ത പിരിമുറുക്കങ്ങളുടെ ആധുനിക ലോകത്ത് മനുഷ്യര്‍ അസംതൃപ്തരും അസ്വസ്ഥരുമാണ്. ആര്‍ക്കും ആരെയും വിശ്വാസമില്ലാതായിരിക്കുന്നു. പക്ഷേ, ജീവിതത്തിന്റെയും ജോലിയുടെയും സമൂഹത്തിലെ അരക്ഷിതാവസ്ഥയുടെയും ഇടയില്‍പ്പെട്ട് സംഘര്‍ഷത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഒന്നിലും സന്തോഷമോ സമാധാനമോ ലഭിക്കുന്നില്ല. ഓരോ മനുഷ്യന്റെയും മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ദൈവത്വ ചിന്തയില്‍ അഭയം പ്രാപിക്കാതെ ആധുനിക മനുഷ്യര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. തങ്ങളുടെ ജീവിതത്തെയും പ്രശ്‌നങ്ങളെയും സ്പര്‍ശിക്കുകയും എല്ലാ പ്രതിസന്ധികളില്‍ നിന്നും അല്പനേരത്തേക്കെങ്കിലും ആശ്വാസം ലഭിക്കുകയും ചെയ്യുന്ന മാര്‍ഗങ്ങള്‍ തേടി പരക്കം പായുകയാണ് ആധുനികര്‍. തലയ്ക്കു ഭ്രാന്തു പിടിക്കുന്ന തരത്തിലുള്ള ജീവിതത്തിന്റെ ഞെരുക്കങ്ങളില്‍ നിന്നും മോചനം തേടി ഒരു സമയത്ത് അവര്‍ എത്തിയിരുന്നത് ഏതെങ്കിലും വ്യവസ്ഥാപിത സഭകളുടെ ചട്ടക്കൂടുകളിലും ആചാരാനുഷ്ഠാനങ്ങളിലും ആയിരുന്നു. പക്ഷേ, ഉപഭോഗ സംസ്‌കാരത്തിന്റെയും കച്ചവട സാധ്യതകളുടെയും പശ്ചാത്തലത്തില്‍ പല വ്യവസ്ഥാപിത സഭകളും നഷ്ടത്തിനും ലാഭത്തിനും പ്രധാന്യം കൊടുത്തുകൊണ്ട് കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ അവരുടെ ആത്മീയ ദാഹം തീര്‍ക്കാന്‍ വ്യവസ്ഥാപിത സഭകള്‍ക്കു കഴിയാത്ത അവസ്ഥ സംജാതമായി. മാത്രവുമല്ല അത്യാധുനികവത്കരിക്കപ്പെട്ട ലോകത്തില്‍ എല്ലാം ഇന്‍സ്റ്റന്റ് എന്ന ബ്രാന്‍ഡില്‍ ആയപ്പോള്‍ ആത്മീയതയുടെ കാര്യത്തിലും പ്രാര്‍ത്ഥിച്ചാല്‍ എളുപ്പം കാര്യങ്ങള്‍ സാധിക്കുന്നിടത്തേയ്ക്കു മനുഷ്യന്‍ പരക്കം പായാന്‍ തുടങ്ങി. വ്യവസ്ഥാപിത സഭകളുടെ ചട്ടക്കൂടില്‍ നിന്ന് ഇത്തരം ഇന്‍സ്റ്റന്റ് ആത്മീയ വരങ്ങള്‍ കൊടുക്കുവാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ ഏതാനും വ്യക്തികള്‍ ആത്മീയതയെ കച്ചവടവത്കരിക്കാന്‍ തുടങ്ങി. ആധുനിക മനുഷ്യരെ ആകര്‍ഷിക്കുന്ന തരത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്തുവച്ച് ഒരു തരം പുതിയ ആത്മീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. വ്യവസ്ഥാപിത സഭകളുടെ നിയമങ്ങളിലും അനുഷ്ഠാനങ്ങളിലും മടുപ്പു തോന്നിയവര്‍ ഇത്തരം പ്രസ്ഥാനങ്ങളിലേയ്ക്ക് ഇരച്ചുകയറി. കേരളത്തില്‍ എല്ലാ വ്യവസ്ഥാപിത സഭകളോടും ചേര്‍ന്ന് ഇത്തരം നവ ഗ്രൂപ്പുകള്‍ ജന്മമെടുത്തു. ആധുനിക കച്ചവട ലോകത്തിലെ പരസ്യതന്ത്രങ്ങളും ഈവന്റ് മാനേജ്‌മെന്റ് ടെക്‌നിക്കുകളും മറ്റും അതിവിദഗ്ദ്ധമായി ഉപയോഗിച്ച് ഇത്തരം പ്രസ്ഥാനങ്ങള്‍ അണികളെ കൂട്ടി. വ്യവസ്ഥാപിത സഭകളുടെ ചട്ടക്കൂടുകളില്‍ നിന്നും പുറത്തിറങ്ങി ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്നുപെട്ടവര്‍ ചിന്തിക്കുന്നെങ്കിലും ഇത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ തന്നെ ആള്‍ ദൈവങ്ങളാകുകയും അവരുടെ ഏറ്റവും അടുത്ത അനുയായികള്‍ ആത്മീയതയുടെ മറവില്‍ രാഷ്ട്രീയക്കാരെയും മറ്റും സ്വാധീനിച്ച് വന്‍കിട തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തുവാനും തുടങ്ങി. ആള്‍ ദൈവങ്ങളുടെ മായാവലയത്തില്‍ പെട്ട മന്ത്രിമാരുടെയും സമൂഹത്തിലെ ഉന്നതന്മാരുടെയും ഒത്താശകള്‍ വഴി കേരളത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ നടത്തുന്ന കള്ളക്കച്ചവടത്തിന്റെ കാര്യങ്ങള്‍ അടുത്തറിയുന്നവര്‍ പോലും മൗനം പാലിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പല മുന്‍ നിര മാധ്യമങ്ങളും ആള്‍ദൈവങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും പുറത്തു പറയാറില്ല. തങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ നഷ്ടമാകുമെന്ന പേടി അവര്‍ക്കുണ്ട്. പണമാണ് ഈ ആത്മീയ പ്രസ്ഥാനങ്ങളെയും ആധുനിക മാധ്യമങ്ങളെയും ഒന്നുപോലെ സ്വാധീനിക്കുന്ന ശക്തി. ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് അതിവേഗം നിപതിച്ചുകൊണ്ടിരിക്കുന്ന നാം ഒരു കാലത്ത് ദുരുപദേശങ്ങക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ആയിരുന്നു. മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ് പലപ്പോഴും ഇത്തരം ദുരുപദേശ സംഘങ്ങള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ് ഒരു ശരാശരി മലയാളിയുടേത്. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ് ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കാതെ വീണ്ടും ഒരു സാസ്‌കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു.
പുരാതനകാലത്ത് മനുഷ്യന്റെ ദൈവാന്വേഷണം ആധുനികമായ അര്‍ത്ഥത്തില്‍ ശാസ്ത്രീയമോ ചിട്ടപ്പെടുത്തിയതോ ആയിരുന്നില്ല. ദൈവ ചിന്ത ശാസ്ത്രീയമാക്കാന്‍ വഴിവെച്ചത് സോക്രട്ടീസും തുടര്‍ന്ന് പ്ലേറ്റോയുമാണു. അവര്‍ പുരാതന ദൈവീകകാഴ്ചപ്പാടുകളിലെ യുക്തിഹീനതകളെ ചോദ്യം ചെയ്തിരുന്നു. അരിസ്‌റ്റോട്ടിലാണു ദൈവശാസ്ത്രത്തില്‍ ശാസ്ത്രീയതയുടെ ആവശ്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗണിതശാസ്ത്രം, പ്രകൃതി ശാസ്ത്രം, ദൈവ ശാസ്ത്രം എന്നീ മൂന്ന് ദാര്‍ശനീക വിഭാഗങ്ങളായിട്ടാണു തിയോളജി പ്രവര്‍ത്തിക്കുന്നത്. അരിസ്‌റ്റോട്ടില്‍ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ച തിയോളജിയാണു പില്‍ക്കാലത്ത് മെറ്റാഫിസിക്‌സ് എന്നറിയപ്പെടുന്നത്. അദ്ദേഹം 12 ഗ്രന്ഥങ്ങളാണു അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സത്യാന്വേഷണചരിത്രവും, പ്രപഞ്ചജ്ഞാനവും, ശാസ്ത്രീയതയുടെ പ്രാധാന്യവും, മനുഷ്യചിന്തയേയും അറിവിനെയും ഭരിക്കുന്ന പൊതുനിയമത്തെയും അതില്‍ എടുത്തുകാണിച്ചിട്ടുണ്ട്.
കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട് വന്‍തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ് ആത്മീയത. അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങളില്‍ വന്‍ പരസ്യവും നഗരങ്ങളില്‍ ഉത്സവങ്ങളും സ്വീകരണങ്ങളും ഒക്കെയായി ഇത് കേരളീയന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു. ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണെന്ന യാഥാര്‍ഥ്യം മറന്നുകൂട.
കേരളത്തില്‍ ഉടനീളം സജീവമായി പ്രവര്‍ത്തിക്കുന്ന ഇത്തരം നവ ആത്മീയ പ്രസ്ഥാനങ്ങളുടെ ദൈവശാസ്ത്രം എന്താണ്. വികാരപരതയ്ക്കും അത്ഭുതങ്ങള്‍ക്കും നല്കുന്ന അമിതപ്രാധാന്യം നല്കുന്ന കരിസ്മാറ്റിക് നവീകരണം മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്.
കൃത്യമായ ഒരു ദൈവശാസ്ത്രം അവര്‍ക്കില്ല എന്നതാണ് സത്യം. പ്രധാനമായും അവര്‍ പിന്തുടരുന്നത് സമൃദ്ധിയുടെ ദൈവശാസ്ത്രവും, കരിസ്മാറ്റിക്ക് ചിന്തകളുമാണ്. ഒരുവന്‍ യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിച്ചാല്‍ പിന്നെ യാതൊരു വിധ കഷ്ടതകളും അവരെ ബാധിക്കില്ല എന്ന് പഠിപ്പിക്കുന്നു. മാത്രമല്ല വ്യക്തി കേന്ദ്രികൃതമാണ് ഈ പ്രസ്ഥാനങ്ങള്‍ നേതൃത്വത്തിലുള്ളവരുടെ ഇടുങ്ങിയ താത്പര്യങ്ങള്‍, പണത്തിന്റെ യും അധികാരത്തിന്റെയും സ്വാധീനങ്ങള്‍,സൗഖ്യത്തിലും വരങ്ങളിലുമുള്ള അമിതശ്രദ്ധ എന്നിവയാണ് ഇവര്‍ പഠിപ്പിക്കുന്നതും പിന്തുടരുന്നതും. ഇത് വ്യക്തികളുടെ ആദ്ധ്യാത്മിക ജീവിതത്തെ സാരമായി ബാധിക്കും.
യേശു ക്രിസ്തുവിന്റെയും അപ്പോസ്‌തോലന്മാരുടെയും പിന്തുടര്‍ച്ച അവകാശപ്പെടുന്നതും അവരുടെ പഠിപ്പിക്കലുകള്‍ പിന്തുടരുന്നതും ആയ സഭകളെ ആണ് അപ്പോസ്‌തോലിക സഭകള്‍ എന്ന് വിളിക്കുന്നത്. ത്രീയേക ദൈവത്തിലുള്ള വിശ്വാസം, യേശുക്രിസ്തുവിന്റെ പൂര്‍ണ മനുഷ്യത്വവും ദൈവത്വവും, ക്രിസ്തുവിന്റെ ഏകവും പ്രത്യക്ഷവുമായ രണ്ടാം വരവ്, മരിച്ചവരുടെ പുനരുത്ഥാനം, തിരുവെഴുത്തുകളില്‍ ഉള്ള വിശ്വാസം, പരിശുദ്ധാത്മ സ്‌നാനം, തിരുവത്താഴം എന്നിവയാണ് ഈ സഭകള്‍ പിന്തുടരുന്നത്.
എന്നാല്‍ നവ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ അഴകാശപ്പെടുന്നത് അപ്പോസ്‌തോലിക പിന്തുടര്‍ച്ച എന്നൊന്നില്ലെന്നും അപ്പോസ്‌തോലിക ഉപദേശങ്ങളെ അല്ല, തങ്ങളുടെ വ്യാഖ്യാനപ്രകാരം ബൈബിളില്‍ എന്താണ് പറയുന്നത്, അല്ലെങ്കില്‍ ദൈവം എന്താണ് തങ്ങള്‍ക്ക് വെളിപാടിലൂടെ അറിയിച്ചു തന്നത്, അതാണ് വിശ്വസിക്കേണ്ടത് എന്ന് അവകാശപ്പെടുന്നവരാന് നവീന െ്രെകസ്തവ സമൂഹങ്ങള്‍. ഒരുപാട് നവീന പ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ തന്നെ ഈ സമൂഹങ്ങളില്‍ എല്ലാം പരസ്പര വിപരീതമായ വിശ്വാസങ്ങള്‍ ആണ് പിന്തുടരുന്നത് എന്നുള്ളതാണ് നഗ്‌നസത്യം. പുതിയ നിയമം മാത്രം മതി എന്നവകാശപ്പെടുന്നവര്‍, സ്വന്തം വെളിപ്പാടുകളില്‍ ആശ്രയിക്കുന്നവര്‍, തിരുവത്താഴ ശുശ്രൂഷയില്‍ പങ്കെടുക്കണം എങ്കില്‍ സ്‌നാനം വേണ്ട എന്നവകാശപ്പെടുന്നവര്‍, ബൈബിളില്‍ പഴയനിയമം വലിയ പ്രാധാന്യമുള്ളതല്ല പുതിയ നിയമം മാത്രം മതി, സുവിശേഷങ്ങളിലെ പലതും കെട്ടുകഥകളാണ് അവയെ മാറ്റണം, ബൈബിള്‍ തിരുത്തപ്പെട്ടു. എന്നിങ്ങനെ പോകുന്നു പോകുന്നു അവരുടെ ഉപദേശം ‘ബൈബിളില്‍ നിന്ന് മാത്രം’ അവര്‍ കണ്ടെത്തുന്ന ഉപദേശങ്ങള്‍. ഇവ എങ്ങനെ പരസ്പര വിരുദ്ധമാകുന്നു? എന്തടിസ്ഥാനത്തില്‍ ആണ് ശരി ഏതു തെറ്റേത് എന്ന് കണ്ടെത്തേണ്ടത്? ആര്‍ക്കും ബൈബിള്‍ വ്യാഖ്യാനിക്കാം എന്നുള്ളത് ശരിയാണോ? ആര്‍ക്കും ഒരു സഭാനേതാവാകാമോ? ഇതാണ് നവീന സമൂഹങ്ങളുടെ ആശയങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം
നവീന സഭകള്‍ അപ്പോസ്‌തോലിക സഭകളെ നിശ്ശേഷം എതിര്‍ക്കുന്നു എന്നുള്ളത് ഈ കാലത്ത് വളരെ ചിന്തിക്കേണ്ട ഒരു വിഷയം ആണ്. പ്രത്യക്ഷത്തില്‍ ബൈബിള്‍ അടിസ്ഥാനപ്പെടുത്തി, അപ്പോസ്‌തോലിക സഭകളില്‍ പല വിശ്വാസങ്ങളും ആചാരങ്ങളും ബൈബിളിനു എതിരെയുള്ളതാണ് എന്ന് നവീന സഭകള്‍ പറയുന്നു ഈ നവീനസഭകളിലുള്‍പ്പെട്ടവര്‍ക്കു നല്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ പരിശീലനത്തിന്റെ ഗുണനിലവാരമില്ലായ്മ അവരെ വേദപുസ്തക സത്യങ്ങളില്‍ നിന്നും അകറ്റുന്നതിനാണ് സഹായിക്കുന്നത്.
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനമാണു കൗണ്‍സലിംഗ്. പുതു തലമുറ സഭക്കാര്‍ നടത്തിവരുന്ന ഇത്തരം കൗണ്‍സലിംഗില്‍ വെളിപ്പാടിന്റെ പേരിലും മറവിലും സംഭവിക്കുന്ന ചില പോരായ്മകള്‍ പലതാണ്. ദര്‍ശനവരത്തിന്റെ പേരില്‍ നടത്തപ്പെടുന്ന കൗണ്‍സലിംഗ് വ്യക്തിപൂജകള്‍ക്ക് കാരണമാകുന്നു. പേരിനും പെരുമയ്ക്കും വേണ്ടി തങ്ങള്‍ക്കില്ലാത്ത ദര്‍ശനവരം ഉണ്ടെന്നു ഭാവിച്ചു നടത്തുന്ന ഇത്തരം കൗണ്‍സലിംഗ് ദോഷകരമായ ഫലങ്ങള്‍ ഉളവാക്കുന്നു. ദര്‍ശനത്തില്‍ പലതിനും അവര്‍ ക്രിസ്തീയ പ്രമാണത്തിനു വിപരീതമായ വ്യാഖ്യാനങ്ങള്‍ നല്കുന്നു. പാരാസൈക്കോളജിയിലോ അതീന്ദ്രിയ ജ്ഞാനശാഖയിലോ ഉള്‍പ്പെടുത്താവുന്ന പ്രത്യേകതകള്‍ക്കു ദര്‍ശനവരത്തിന്റെ പരി വേഷം ചാര്‍ത്തുന്നതുമൂലം വരുന്ന ഭവിഷ്യത്തുകള്‍ ആണ് ഇവ.
ദൈവശാസ്ത്രജ്ഞരേക്കാള്‍ നന്നായി വചനം പങ്കുവയ്ക്കുന്ന എന്ന് അഭിമാനിക്കുന്ന പലരും ഒരു വേദപാഠശാലയില്‍ പോലും പഠിച്ചിട്ടില്ലാത്തവരും ഇത്തരം ഗ്രൂപ്പുകളിലുണ്ട്. എന്നാല്‍ ചിലര്‍ക്കു വ്യക്തമായ ദൈവശാസ്ത്ര പശ്ചാത്തലം ഇല്ലാത്തതിനാല്‍ വ്യാഖ്യാനങ്ങളില്‍ പിഴവു വരുന്നു. ഉദാഹരണമായി മനുഷ്യനു സംഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണം അവന്റെയോ പൂര്‍വികരുടെയോ പാപമാണെന്നുള്ള പഠനങ്ങള്‍. ദൈവം സ്‌നേഹമാകുന്നു. യേശു മനുഷ്യനെ രക്ഷിച്ചു എന്നീ സത്യത്തിനു നേരെയുള്ള കണ്ണടയ്ക്കലാണിത്. ശപിക്കുന്ന, ശിക്ഷിക്കുന്ന ദൈവത്തെ കാണിച്ചു വിശ്വാസികളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതു ക്രിസ്തീയ ആദ്ധ്യാത്മികതയ്ക്കു നിരക്കുന്ന കാര്യമല്ല.
പെന്തക്കോസ്ത ദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ക്രിസ്തീയതുടെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം.
കേരളത്തിലെ പെന്തക്കോസ്ത് സമൂഹം ഇന്നൊരു വന്‍ പ്രതിസന്ധിയുടെ നടുവിലാണ്. ബഹുജനങ്ങളല്ല ഒരിക്കലും ഈ പ്രതിസന്ധിക്കുത്തരവാദികള്‍. കാരണം ഇന്ന് ലോകത്തേറ്റവും ചടുലവും ചലനാത്മകവുമായ സമുദായമാണ് കേരളത്തിലെ പെന്തക്കോസ്തര്‍. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു.ഇന്നത്തെ യുവ പെന്തക്കോസ്ത് സമൂഹം ബൗദ്ധികവും ധൈഷണികവുമായ മണ്ഡലങ്ങളിലെ പല നടപ്പ് ശീലങ്ങളെയും ദുര്‍ മാതൃകകളെയും യാതൊരപകര്‍ഷതയും കൂടാതെ ചോദ്യം ചെയ്യാനും അവര്‍ ധൈര്യപ്പെടുന്നു.
ആത്മീയതയും വിശ്വാസവും യഥാര്‍ഥത്തില്‍ മനുഷ്യന് കരുത്ത് പകരുന്നതും തണലേകുന്നതുമാണ്. എന്നാല്‍ പ്രയോഗത്തില്‍ അതവന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിട്ടാണ് അനുഭവപ്പെടാറുള്ളത്. മനുഷ്യന്‍ ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസത്തിന്റെ പേരിലാകാനുള്ള കാരണം ഇത് തന്നെയാണ്. രാഷ്ട്രീയ മത നേതൃത്വത്തിലുള്ളവര്‍ തരാതരം പോലെ ഈ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. പരമ്പരാഗതമായി വേരുറച്ചു പോയ ആത്മീയ ധാരണകളില്‍ എത്രയളവില്‍ കലര്‍പ്പും അന്ധതയും സംഭവിച്ചിട്ടുണ്ടെങ്കിലും അണുകിട മാറാന്‍ തയാറില്ലാത്ത വചന സത്യങ്ങളാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുള്ളത്. ഈ ചൂഷണ പാതയില്‍ ബഹുദൂരം അതിവേഗം കുതിക്കുന്നതില്‍ ഏറെ മുന്നിട്ടു നില്‍ക്കാറുള്ളതും വിജയം കൈവരിക്കാറുള്ളതും മതനേതൃത്വത്തിലുള്ളവര്‍ തന്നെ. എല്ലാ മത വിഭാഗങ്ങളിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആള്‍ദൈവങ്ങളും കള്‍ട്ടുകളും സിദ്ധരും വലിയ്യുകളുമൊക്കെ ഉണ്ടാകുന്നത് ഇങ്ങനെയാണ്.

Yougandhya Sandesham Oct Issue new10 copy